മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ. ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന, പോണ്ടിച്ചേരിയുടെ ഭാഗമായുള്ള മയ്യഴിയിൽ 1942 സെപ്റ്റംബർ 10-ന് ജനിച്ചു. തൻ്റെ ആദ്യ സാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തിൻ്റെ ഭാഗമായി മുകുന്ദൻ്റെ ജീവിതം പിൽക്കാലത്ത് ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡൽഹി ജീവിതവും മുകുന്ദൻ്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. ഇടതുപക്ഷ രാഷ്ടീയത്തോട് ആഭിമുഖ്യമുള്ളയാളാണ് മുകുന്ദൻ. മുകുന്ദൻ്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച് അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. മുകുന്ദന്റെ തന്നെ 'കുട നന്നാക്കുന്ന ചോയി' എന്ന നോവലിന്റെ തുടർച്ചയാണ് 'നൃത്തം ചെയ്യുന്ന കുടകൾ'. കുഞ്ഞഞിക്കുനിയിൽ മാധവന്റെ ജീവിതം, സ്വപ്നങ്ങൾ, വാഗ്ദാനങ്ങൾ, താൽപ്പര്യങ്ങൾ, ദൗത്യം എന്നിവയുടെ തുടർച്ചയാണ് കഥ. വ്യത്യസ്തമായ ഇതിലെ ഭാഷപ്രയോഗം തന്നെയാണ് ഈ നോവലിന്റെ സൗന്ദര്യം. കഥാപാത്രങ്ങൾക്കെല്ലാം മികച്ച രീതിയിൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള കൃതി തന്നെയാണിത്.