മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ. ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന, പോണ്ടിച്ചേരിയുടെ ഭാഗമായുള്ള മയ്യഴിയിൽ 1942 സെപ്റ്റംബർ 10-ന് ജനിച്ചു. തൻ്റെ ആദ്യ സാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തിൻ്റെ ഭാഗമായി മുകുന്ദൻ്റെ ജീവിതം പിൽക്കാലത്ത് ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡൽഹി ജീവിതവും മുകുന്ദൻ്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. ഇടതുപക്ഷ രാഷ്ടീയത്തോട് ആഭിമുഖ്യമുള്ളയാളാണ് മുകുന്ദൻ. എന്നാൽ ഇദ്ദേഹത്തിൻ്റെ "കേശവന്റെ വിലാപങ്ങൾ" എന്ന നോവൽ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടർ വാദിക്കുന്നു. വി.എസ്. അച്യുതാനന്ദൻ കാലഹരണപ്പെട്ട പുണ്യാളനാണ് എന്ന് ഒരു അഭിമുഖസംഭാഷണത്തിൽ പറഞ്ഞത് വിവാദമായപ്പോൾ എസ്.എം.എസ് വഴി രാജിക്കത്ത് അയച്ചുകൊടുത്തുവെങ്കിലും പിന്നീട് രാജി പിൻവലിച്ച് അക്കാദമിയിൽ തുടർന്നു.