കമ്പിളികണ്ടത്തെ കൽഭരണികൾ:കടന്നുപോന്ന വഴികളിലൂടെ ഒന്ന് തിരിഞ്ഞുനടന്നപ്പോൾ സ്വന്തം അനുഭവങ്ങൾ മക്കൾക്കുവേണ്ടിയെങ്കിലും ഒന്നു കോറിയിടണമെന്ന ചിന്തയിൽനിന്നാണ് ഈ പുസ്‌തകത്തിൻ്റെ തുടക്കം. ജനിച്ചുവളർന്ന ഇടുക്കി ജില്ലയിലെ കിഴക്കൻ മലയോരത്തെ കമ്പിളികണ്ടം എന്ന ഗ്രാമവും അതിന്റെറെ ചുറ്റുപാടും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ പ്രതീക്ഷകളൊന്നും നൽകാത്ത ഒരു ഭൂപ്രദേശമായിരുന്നു. നന്മകളൊന്നും വരാൻ സാദ്ധ്യത കൽപ്പിക്കാത്ത ഒരു നസ്രത്ത് ജീവിതം വിരുന്നിനു വിളിച്ചപ്പോൾ വീഞ്ഞു തീർന്ന്, അതിഥികൾക്കു മുന്നിൽ അപമാനിതരായി നിൽക്കാൻ വിധിക്കപ്പെട്ട ഒരു കുടുംബം. കാനായിലെ കല്യാണവിരുന്നിൽ എന്നപോലെ അദ്ഭുതം പ്രവർത്തിക്കാനാവുമെന്നോ, വേദനകളെ ഉച്ചാടനം ചെയ്യാൻ സാധിക്കുമെന്നോ, അതിനുള്ള കഴിവ് തന്നിലുണ്ടെന്നോ ഊഹംപോലുമില്ലാതിരുന്ന ഒരു ബാലൻ. ആത്മവിശ്വാസം തീരേയില്ലാതിരുന്ന ഒരു ബാല്യവും കൗമാരവും. വിരുന്നുമേശകൾക്കു മുന്നിൽ ആകുലതയും അപമാനവും പേറി അവൻ നിന്നപ്പോൾ, തന്റെ മകന് അദ്ഭുതം പ്രവർത്തിക്കാനാവുമെന്ന തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നത് അമ്മയ്ക്കാ യിരുന്നു. ആ ഉറപ്പോടെയാണ് അമ്മയും മറ്റു കലവറക്കാരും ചേർന്ന് ആ കൽഭരണികളിൽ വെള്ളം കോരി നിറച്ചത്. ആ കൽഭരണികളിലെ വെള്ളത്തെ വീര്യമേറിയ, മുന്തിയ ഇനം വീഞ്ഞാക്കി മാറ്റുവാനും വിരുന്നുവന്നവർക്കെല്ലാം വിളമ്പാനും അവനു സാധിച്ചത് അമ്മ കൂടെ നിന്നതുകൊണ്ടും അമ്മ അവനിൽ വിശ്വസിച്ചതുകൊണ്ടുമാണ്. കമ്പിളികണ്ടത്തെ കൽഭരണികൾ സാദ്ധ്യതകളുടെ വാതിലുകളെല്ലാം കൊട്ടിയടയ്ക്കപ്പെട്ടവരുടെ ജീവിതകഥയാണ്. നന്മകളോ വിജയങ്ങളോ, എന്തിന്, പ്രതീക്ഷകൾക്കുതന്നെയോ വകയുമില്ലാതിരുന്ന, കമ്പി ളികണ്ടത്ത് വക്കുപൊട്ടി ഉപേക്ഷിക്കപ്പെട്ടുകിടക്കുമായിരുന്ന കൽഭരണികളെ തുടച്ചു വൃത്തിയാക്കി വെള്ളമൊഴിച്ചുവെച്ച ഒരമ്മയുടെ ജീവിതം.