ആത്രേയകം : കണ്ണിൽനിന്ന് ഒരു ജന്മം മുഴുവൻ കുതിച്ചൊഴുകിയിരുന്നു. കാതിൽനിന്ന്, അതിപരിചിതയായ ഒരു സ്ത്രീയുടെ നിലവിളികളും ആക്രോശങ്ങളും പറിച്ചുപറിച്ചു കളഞ്ഞിട്ടും പോകാത്തതിനാൽ ദൂരേക്ക് ദൂരേക്ക് പറക്കുകയായിരുന്നു. ഭീഷണമായ ഒരു പുരുഷശബ്ദത്തിൻറെ മുരൾച്ചകളും ആജ്ഞകളും കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസംമുട്ടിക്കുന്നുണ്ടായിരുന്നു. കണ്ണു തുറന്നുവെക്കാനുള്ള ഒരു കൽപ്പന കാതടപ്പിക്കുന്ന മട്ടിൽ അന്തരീക്ഷത്തിലൂടെ പാഞ്ഞുവെന്നു തോന്നിയതും ശരീരം കുഴഞ്ഞ് നിരമിത്രൻ ഇളയുടെ കൈകൾക്കിടയിലൂടെ ഊർന്നുവീണു.